ഭാവോജ്ജ്വലമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന നടനാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴൊക്കെ, എത്ര സാഹസികമായ രംഗമായാലും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ മോഹന്‍ലാലിന് കഴിയാറുണ്ട്. മോശം സിനിമകളില്‍ പോലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ മാത്രം തിളങ്ങിനില്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.
ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ വ്യത്യസ്തമായ പ്രകടനം. രണ്ടു ഗെറ്റപ്പുകളിലാണ് ഈ സിനിമയില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സുന്ദരനായ പ്രണയനായകന്‍റെ വേഷമാണ് അതിലൊന്ന്. എന്നാല്‍ അടുത്ത ഗെറ്റപ്പ് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നരച്ച തലമുടിയും കഷണ്ടി കയറിയ നെറ്റിയുമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. സിനിമയുടെ പ്രധാന സീനുകളിലെല്ലാം മോഹന്‍ലാലിന് ഈ ഗെറ്റപ്പ് ആയിരിക്കും.
മുമ്പും നര കയറിയും കഷണ്ടിക്കാരനായുമൊക്കെ മോഹന്‍ലാലിനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഉടയോന്‍, പവിത്രം, പക്ഷേ, പരദേശി, സൂര്യഗായത്രി, കളിപ്പാട്ടം തുടങ്ങിയ സിനിമകള്‍ ഉദാഹരണം. എന്നാല്‍ ‘പ്രണയം’ എന്ന സിനിമ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. ഇതൊരു ബ്ലെസിച്ചിത്രമാണെന്നതു തന്നെ കാരണം.