5/21/11

ലാല്‍- തിലകന്‍ ടീം വീണ്ടും





സംവിധായകരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സംഘടനയായ ഫെഫ്‌കയുടെ വിലക്ക്‌ നീങ്ങിയതിനെ തുടര്‍ന്ന്‌ തിലകന്‍ വീണ്ടും സജീവമാകുന്നു. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ ടീമിന്റെ പുതിയ പ്രൊജക്‌ടിലൂടെ തിലകന്‍ വീണ്ടും മടങ്ങിയെത്തുകയാണ്‌. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ അധികം വൈകാതെ തിലകനും മോഹന്‍ലാലും ഒരുമിച്ചു കാമറയ്‌ക്കു മുന്നിലെത്തും. സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്‌ തിലകനെ കാത്തിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. മേയ്‌ അവസാനമാണ്‌ ചിത്രീകരണം ആരംഭിക്കുന്നത്‌. ചിത്രത്തില്‍ പഴയകാല നായിക ഷീലയും നിര്‍ണായക വേഷത്തിലഭിനയിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. 

തന്റെ ചിത്രത്തില്‍ തിലകന്‌ യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ സഹകരിപ്പിക്കുമെന്ന്‌ വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട്‌ പറഞ്ഞിരുന്നു. തിലകനെ വിളിച്ച്‌ സത്യന്‍ റോളിനെക്കുറിച്ച്‌ വിവരിച്ചു കഴിഞ്ഞതായാണ്‌ അറിയുന്നത്‌. തിലകനെ ഒപ്പം അഭിനയിപ്പിക്കുന്ന കാര്യത്തില്‍ മോഹന്‍ലാലിനും താല്‍പ്പര്യമാണ്‌. ചിത്രം നിര്‍മിക്കുന്നത്‌ മോഹന്‍ലാലിന്റെ വലം കൈ കൂടിയായ ആന്റണി പെരുമ്പാവൂര്‍ ആണ്‌. ഇവിടം സ്വര്‍ഗമാണ്‌ എന്ന ചിത്രത്തിലാണ്‌ അവസാനമായി മോഹന്‍ലാലും തിലകനും ഒന്നിച്ചത്‌. 

ഈ ചിത്രത്തിന്‌ ശേഷം പ്രഖ്യാപിച്ച ജോഷിയുടെ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്ന്‌ തിലകനെ ഒഴിവാക്കിയതിന്റെ പേരിലാണ്‌ വിവാദം ഉയര്‍ന്നത്‌. എന്നാല്‍ അപ്പോഴും മോഹന്‍ലാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തിലകന്‍ തയാറായിരുന്നില്ല. മമ്മൂട്ടിക്കും ദിലീപിനും ഫെഫ്‌കയ്‌ക്കും അമ്മയ്‌ക്കുമെതിരേയായിരുന്നു തിലകന്റെ രോഷം. രണ്ടാഴ്‌ച മുമ്പാണ്‌ ഫെഫ്‌ക എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തിലകന്റെ വിലക്ക്‌ പിന്‍വലിച്ചത്‌. ഫെഫ്‌ക നേതൃത്വം മാഫിയയുടെ പിടിയിലാണെന്ന തിലകന്റെ പരാമര്‍ശമാണ്‌ അദ്ദേഹത്തെ വിലക്കുന്ന തീരുമാനത്തിന്‌ ഇടയാക്കിയത്‌.

കടപ്പാട്  മംഗളം