1/13/12

CASANOVA ON 26

CASANOVA RELEASE ON JANUARY 26
കാസനോവ ജനുവരി 26ന്

നീണ്ട കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട്‌ കാസനോവ ഈ മാസം 26ന്
റിലീസ് ചെയ്യുന്നു.



മറ്റ് സിനിമകള്‍ക്ക്, കുഞ്ഞളിയന്‍‌മാര്‍ക്കും ഡോണ്‍ ബോസ്കോമാര്‍ക്കും സരോജ്കുമാറിനുമൊക്കെ ജനുവരി 26 വരെ സമയമുണ്ട്. ബോക്സോഫീസില്‍ പണം വാരാന്‍ മാക്സിമം ശ്രമിക്കാം. 26ന് അവനെത്തും. കാസനോവ. അതുകഴിഞ്ഞാല്‍ മലയാളം ബോക്സോഫീസ് അവന്‍ ഭരിക്കും. ഇത് മോഹന്‍ലാല്‍ ആരാധകരുടെ ആഗ്രഹവും പ്രതീക്ഷയുമാണ്. അതിനപ്പുറം, മലയാള സിനിമാലോകം കാസനോവയുടെ വരവ് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ്. എല്ലാം ഒത്തിണങ്ങിയ ഒരു അടിപൊളി ചിത്രം മലയാളത്തിലെത്തിയിട്ട് കാലമേറെയായി.

കേരളത്തില്‍ എത്ര തിയേറ്ററുകളില്‍ ‘കാസനോവ’ റിലീസ് ചെയ്യും എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ട്. കേരളത്തില്‍ 200 തിയേറ്ററുകളിലാണ് കാസനോവ റിലീസ് ചെയ്യുന്നത്. ആദ്യ നാലു ദിവസങ്ങളില്‍ എല്ലാ തിയേറ്ററുകളിലും അഞ്ച് ഷോകള്‍ വീതം പ്രദര്‍ശിപ്പിക്കും. അങ്ങനെ നാലുദിവസം കൊണ്ട് 4000 ഷോകള്‍! മലയാളത്തില്‍ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനാവാത്ത റിലീസ് വിപ്ലവം.

17 ഫൈറ്റ് സീനുകളും നാലു ഗാനരംഗങ്ങളുമുള്ള കാസനോവയില്‍ മൊത്തം 108 സീനുകളാണുള്ളത്. മൂന്നുമണിക്കൂറിലേറെ നേരം ദൈര്‍ഘ്യമുണ്ടാകും. ഇത്രയും ദൈര്‍ഘ്യമുള്ള ഒരു സിനിമയും അടുത്തെങ്ങും മലയാളത്തിലുണ്ടായിട്ടില്ല.

ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്നൊരുക്കുന്ന കാസനോവയുടെ രചന ബോബി - സഞ്ജയ് ടീമാണ്. ട്രാഫിക്കിന് ശേഷം ഇവരുടെ തിരക്കഥയില്‍ എത്തുന്ന സിനിമയാണിത്.

മലയാള സിനിമയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളില്‍ കാസനോവ ചിത്രീകരിച്ചു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രീകരണം നടത്തി. കാസനോവയാണ് ബുര്‍ജ് ഖലീഫയില്‍ ആദ്യം ചിത്രീകരിക്കുന്ന സിനിമ. കാസനോവയുടെ ചിത്രീകരണം കഴിഞ്ഞ് മൂന്നാം ദിവസം അവിടെ ഹോളിവുഡ് ചിത്രമായ മിഷന്‍ ഇം‌പോസിബിള്‍ പുതിയ സീരീസ് ചിത്രീകരിച്ചു.

‘കാസനോവ’ മലയാള സിനിമ കാണാന്‍ പോകുന്ന അത്ഭുതമായിരിക്കുമെന്ന ഉറപ്പാണ് റോഷന്‍ ആന്‍ഡ്രൂസ് നല്‍കുന്നത്. ‘പഴശ്ശിരാജ’ വൈകിയപ്പോള്‍ മുറവിളി കൂട്ടിയവര്‍ ചിത്രം റിലീസായി അതിന്‍റെ ക്വാളിറ്റി കണ്ടപ്പോള്‍ നാവടക്കിയില്ലേ? കാസനോവ റിലീസാകുമ്പോള്‍, ചിത്രം വൈകുന്നു എന്ന് ഇപ്പോള്‍ വിമര്‍ശനമുയര്‍ത്തുന്നവരെല്ലാം അഭിനന്ദിക്കുമെന്ന ആത്മവിശ്വാസമാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്.