6/25/11

മോഹന്‍ലാലിന്‍റെ മുന്നൂറാം ചിത്രം ഓണത്തിന്!


യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ ആണ് ലാലിന്‍റെ മുന്നൂറാം ചിത്രം. അതിലും ആഹ്ലാദകരമായ വാര്‍ത്ത, മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ തീരുമാനിച്ചു എന്നതാണ്. മോഹന്‍ലാലിന് ഓണച്ചിത്രം ഉണ്ടാകില്ലെന്ന നിരാശയിലായിരുന്നു ലാല്‍ ആ‍രാധകര്‍. എന്തായാലും ബ്ലെസിയുടെ സിനിമ ഓണത്തിനെത്തുന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ ലാലിന്‍റെ ഓണച്ചിത്രമായി മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. എന്നാല്‍ ഷൂട്ടിംഗ് തീരാത്തതിനാല്‍ കാസനോവ ഓണത്തിനെത്തിക്കാനാവില്ലെന്ന് റോഷന്‍ അറിയിച്ചു. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമ ഓണച്ചിത്രമാക്കാന്‍ ആലോചിച്ചെങ്കിലും ഓണത്തിനിറക്കാനായി ഒരു സിനിമ തട്ടിക്കൂട്ടാന്‍ താനില്ലെന്ന് സത്യന്‍ അറിയിച്ചതോടെ ആ വഴിയും അടഞ്ഞു.

അങ്ങനെയാണ് ബ്ലെസിയുടെ സിനിമയെക്കുറിച്ച് ലാല്‍ ക്യാമ്പ് ആരാഞ്ഞത്. ‘പ്രണയം’ 15 ദിവസത്തോളം ഷൂട്ടിംഗ് നേരത്തേ പൂര്‍ത്തിയായതാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വേഗം തീര്‍ത്ത് ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് ബ്ലെസി ഉറപ്പു നല്‍കി. അതോടെ മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ പ്രണയചിത്രമാണ് പ്രണയം. മോഹന്‍ലാല്‍, ജയപ്രദ, അനുപം ഖേര്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവരുടെ പ്രണയം എന്ന കണ്‍‌സെപ്ടാണ് ബ്ലെസി ഇവിടെ പ്രയോഗിക്കുന്നത്. ഒ എന്‍ വി രചിച്ച നാലു ഗാനങ്ങളാണ് മറ്റൊരു സവിശേഷത. എം ജയചന്ദ്രനാണ് സംഗീതം. സെപ്റ്റംബര്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.




website designed by MIRACLES DESIGNZ  under Credence Multimedia

6/7/11

Mohanlal-Interview


മെട്രോ സിറ്റിയായ ഈ ദുബായ്‌ നഗരത്തിന്‌ ഇന്ന്‌ താരത്തിളക്കമേറെയാൺ​‍്‌. എത്രയെത്ര സിനിമാ ഷൂട്ടിങ്ങുകൾ, എത്രയോ സിനിമാ നടന്മാർ, നടിമാർ.. അതിൽ ഈ നഗരത്തെ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ മഹാനടൻ ലെഫ്‌: കേണൽ മോഹൻലാലും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മലയാളിക്ക്‌ നൽകിയ വരദാനം! സർവ്വകലാശാല എന്ന സിനിമയിൽ സഹപാഠികൾ സ്നേഹത്തോടെ വിളിച്ചു “ലാലേട്ടൻ”. മലയാളി കൾ ആ വിളിപ്പേര്‌ നെഞ്ചോട്‌ ചേർത്ത്‌ ഏറ്റെടുത്തു. പിച്ച വച്ച്‌ സംസാരിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങൾ മുതൽ എല്ലാവരും സ്നേഹപൂർവം ഇന്നും അത്‌ തുടരുന്നു. അതെ മലയാളികളുടെ സ്വന്തം ലാലേട്ടൻ!
എൺപതുകളിലെത്തിയ സിനിമകളിൽ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാൺ​‍്‌ ടി.പി ബാലഗോപാലനും, നിന്നിഷ്ടം എന്നിഷ്ടത്തിലെ ശ്രീകുമാറും, വിജയ ദാസന്മാരും, പഞ്ചാഗ്നിയിലെ റഷീദും, രാജാവിന്റെ മകനിലെ വിൻസന്റ്‌ ഗോമസും, ബോയിംഗ്‌ ബോയിംഗിലെ ശ്യാമും, കിരീടത്തിലെ സേതുമാധവനുമൊക്കെ. തൊണ്ണൂറുകളിലാവട്ടെ ടോണി കുരിശിങ്കലും, സണ്ണിയും, ജോജിയും, മംഗലശ്ശേരി നീലകണ്ഠനു മൊക്കെ കുടുംബ സദസ്സുകളിൽ പോലും മലയാളിക്ക്‌ ചിരി യ്ക്കാനും ചിന്തിയ്ക്കാനുമുള്ള വക സമ്മാനിക്കുന്നവയായി. അവിടെ നിന്നും നാഗവല്ലിയെ തളയ്ക്കാനെത്തിയ മനോരോഗ വിദഗ്ദ്ധൻ, മലയാളക്കരയുടെ ആറാം തമ്പുരാൻ, തുടർച്ചയായി മൂന്നു സിനിമകളിൽ മേജർ മഹാദേവൻ, ഇന്നിപ്പോൾ വിദേശ സുന്ദരിമാരുടെ കാസനോവയും. വെള്ളിത്തിരയുടെ അഭ്രപാളി കളിൽ നീണ്ട മുപ്പത്തിമൂന്ന്‌ വർഷങ്ങൾ പിന്നിടുമ്പോഴും താരജാഡയില്ലാത്ത വ്യക്തിത്വവും നിഷ്കളങ്കതയുമാണ്‌ മോഹൻലാൽ എന്ന നടനെ അമൂല്യമാക്കുന്നത്​‍്‌.
ഇവിടെയിപ്പോൾ സമയം നാല്‌ കഴിഞ്ഞിരിക്കുന്നു. കോളിങ്ങ്‌ ബെല്ലിൽ വിരലമർത്തി വെയ്റ്റ്‌ ചെയ്യുമ്പോൾ യോദ്ധയിലെ അശോകനെയാൺ​‍്‌ ഓർമ്മ വന്നത്‌. നേപ്പാളി അമ്മാവനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കേണ്ട രീതി റിഹേഴ്സൽ ചെയ്യുന്ന തൈപ്പറമ്പിൽ അശോകനെ! ഡോർ തുറന്നത്‌ ലാലേട്ടൻ. ആ മാസ്റ്റർ പീസ്‌ ചിരിയോടോപ്പം ഞങ്ങൾക്ക്‌ അകത്തേക്കുള്ള ക്ഷണവും. പരിചയപ്പെടലിനും കുശലാന്വേഷണ ങ്ങൾക്കുമിടയിൽ ഒരു നിമിഷം ഞാൻ ഏതൊക്കെയോ കഥാപാത്രങ്ങൾക്കു പിന്നാലെ ചെറുതായൊന്നു ചുറ്റിത്തിരിഞ്ഞു. പല സിനിമകൾ.. അതിൽ പല വേഷപ്പകർച്ചകൾ.. ചില സിനിമകളിൽ വണ്ണം കുറഞ്ഞ്‌ സുന്ദരനായ ചെറുപ്പക്കാരൻ നായകൻ, മറ്റു ചിലതിൽ ഇതെന്താ ലാലേട്ടന്‌ ശരീര സൗന്ദര്യത്തിലൊന്നും തീരെ താൽപ്പര്യമില്ലേ എന്ന്‌ സ്വയം ചോദിച്ചു പോകുന്ന തരം കഥാപാത്രങ്ങൾ. ഇത്തിരി ഫാറ്റി ഫിഗറുള്ള മോഹൻലാലിനെയും പ്രതീക്ഷിച്ചാണ്‌ ഞങ്ങൾ അഭിമുഖത്തിനായി ചെന്നത്‌. എന്നാൽ ലാലേട്ടനാകട്ടെ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ മെലിഞ്ഞിരിക്കുന്നു. ഫിറ്റ്നസ്സിലൊന്നും താൽപ്പര്യമില്ലേ എന്ന ചോദ്യം റെഡിയാക്കിയതും കയ്യിലിരി ക്കുന്നു. തൽക്കാലം അത്‌ ചവിറ്റുകുട്ടയിലേക്കിട്ട്‌ ആങ്ങ്സൈറ്റി മൂലം ഞാൻ ചോദിച്ചു ‘ലാലേട്ടാ..എന്താണിതിന്റെ രഹസ്യം? എങ്ങനെയാണ്‌ ഇത്ര പെട്ടെന്ന്‌ വണ്ണം കുറയ്ക്കുന്നത്‌’? “അത്‌ രഹസ്യമല്ലേ.. എങ്ങനെ പറഞ്ഞു തരും”? “ഒന്നു പറയാം, വേണമെങ്കിൽ ഒരു മാസം കൊണ്ട്‌ ഇനിയും കുറച്ചു തരാം”. ലാലേട്ടന്റെ നർമം കലർന്ന മറുപടി.
ലൈവ്‌ സറ്റൈലിന്റെ ഫോട്ടോ സെഷനായിരുന്നു ആദ്യം. പത്ത്‌ മിനിട്ട്‌ സമയം റെഡിയാകാൻ. ക്യാമറയ്ക്കു മുന്നിൽ ഫോട്ടോയ്ക്കു വേണ്ടി പോസു ചെയ്യുമ്പോൾ പല ഭാവങ്ങളും ആ മുഖത്ത്‌ മിന്നി മറയുന്നുണ്ടായിരുന്നു. ഓരോ പോസിലും ഓരോ പുതിയ കഥാപാത്രങ്ങൾ ജനിക്കുന്ന പോലെ. ഫോട്ടോ സെഷനും പൂർത്തിയാക്കി ലാലേട്ടൻ പറഞ്ഞു തുടങ്ങി...

പലരും ന്യൂ ഇയർ റെസലൂഷൻ പ്ളാൻ ചെയ്യാറുണ്ടല്ലോ... എങ്ങനെയാണ്‌ ലാലേട്ടന്‌ ഈ പുതുവർഷം?
ന്യൂ ഇയർ റെസലൂഷൻ എന്ന്‌ പറയുന്നത്‌ നമ്മൾ തന്നെ ഉണ്ടാക്കുന്ന കാര്യങ്ങളാണ്‌. നമുക്ക്‌ എല്ലാ ദിവസവും ന്യൂ ഇയർ പോലെയാണ്‌. ഓരോ ദിവസവും ഓരോ കാര്യങ്ങളുണ്ടാവും. പ്രത്യേകിച്ച്‌ നാളെ മുതൽ ഇതു ചെയ്യുമെന്നോ ഇന്നത്‌ ചെയ്യില്ലെന്നോ ഒന്നും തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനിക്കാൻ പറ്റില്ല എന്നുള്ളതാണ്‌. അല്ലേ? എന്താണ്‌ എന്റെ ന്യൂ ഇയർ റെസലൂഷൻ എന്ന്‌ പറഞ്ഞാൽ യാതൊരു റസലൂഷനും എടുക്കാതിരിക്കുക എന്നതാണ്‌ എന്റെ റെസലൂഷൻ. ഈ പുതുവർഷത്തിൽ എല്ലാവരോടും പറയാനുള്ളതും അതു തന്നെയാണ്‌. പ്രത്യേകിച്ച്‌ റസലൂഷനൊന്നും എടുക്കാതെ നന്നായി സെലിബ്രേറ്റ്‌ ചെയ്ത്‌ ഹാപ്പിയായി ജീവിക്കുക.

വ്യത്യസ്തങ്ങളായ കുറേ സിനിമകൾ വരുന്ന വർഷം കൂടിയാണല്ലോ 2011?
കാസനോവ, ചൈന ടൗൺ, തേസ്‌, ക്രിസ്ത്യൻ ബ്രദേഴ്സ്‌ ഇതൊക്കെയാണ്‌ പുതുവർഷ സിനിമകൾ. ചൈന ടൗണിന്റെ ഷൂട്ടിങ്ങ്‌ ഡിസംബർ-15നു തുടങ്ങി. റാഫി മെക്കാർട്ടിന്റെ ഹ്യൂമർ ബേസ്‌ ചെയ്തിട്ടുള്ള ഫിലിമാണത്‌. ഒരുപാടു നാളുകൾക്ക്‌ ശേഷം ഞാനും, ജയറാമും, ദിലീപും ചേർന്നുള്ള ഒരു വലിയ ഫൺ ഫിലിമാണത്‌. പ്രിയദർശന്റെ ‘തേസ്‌’ എന്ന ഹിന്ദി ഫിലിമിന്റെ ഷൂട്ടിങ്ങിനു വേണ്ടി യു.കെ യിൽ പോയിരുന്നു.ഞാൻ അതിൽ ഒരു ബ്രിട്ടീഷ്‌ പോലീസ്‌ ഓഫീസറാണ്‌. അതിൽ മുഴുവൻ ഫോറിനേഴ്സിന്റെ കൂടെയായിരുന്നു വർക്ക്‌ ചെയ്തത്‌. അവരുടേ വേ ഓഫ്‌ വർക്കും നമ്മുടേ വേ ഓഫ്‌ വർക്കും വേറേയാണ്‌. അവർ ഒരുപാട്‌ ഡിസിപ്ളീൻഡാണ്‌. നമുക്ക്‌ അത്രയൊന്നും ആവശ്യമില്ലെന്ന്‌ തോന്നും. മാത്രമല്ല, അവർ സ്റ്റോറി ബോർഡിലൊക്കെ വളരെ സ്ട്രിക്റ്റായിരിക്കും. ഇന്ത്യയിൽ ആക്ഷൻ സിനിമകൾക്ക്‌ മാത്രമാവും സ്റ്റോറി ബോർഡൊക്കെ ചെയ്യുന്നത്‌. പ്രിയദർശനുമായി ഒരു മലയാളം ഫിലിം ചെയ്യാനുള്ള പ്ളാനിലാണ്‌. ഈ വർഷം ആ സിനിമയുണ്ടാകും. അതിന്റെ കഥയൊന്നും ഇതുവരെ ആയിട്ടില്ല.
കാസനോവയുടെ വിശേഷങ്ങൾ?
മലയാളത്തിലെ വളരെ എക്സ്പെൻസീവായിട്ടുള്ള ഒരു ഫിലി മായിരിക്കും കാസനോവ. കാസനോവയുടെ പകുതി വർക്കുകൾ ഇവിടെ പൂർത്തിയായിട്ടുണ്ട്‌. ഇനിയുള്ളത്‌ ആക്ഷൻ സീനുക ളാണ്‌. അതിനു വേണ്ടി ഷൂട്ടിങ്ങ്‌ ബാങ്കോക്കിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യും. കെട്ടിടങ്ങളിൽ നിന്നും, ഹെലികോപ്റ്ററിൽ നിന്നുമൊക്കെ ചാടുന്നതും, മോട്ടോർ ബൈക്ക്‌ ചെയ്സിങ്ങും തുടങ്ങി കുറേ ആക്ഷൻ സീനുകൾ കാസനോവയിലുണ്ട്‌. ഇതിന്റെ ഷൂട്ടിങ്ങ്‌ സേഫ്റ്റിയ്ക്കു വേണ്ടി ഒട്ടനവധി സാധങ്ങൾ ഇവിടേക്ക്‌ കൊണ്ടു വരണമായിരുന്നു. അതിനു കഴിയാത്തതിനാൽ ബാക്കി ഷൂട്ടിങ്ങ്‌ ബാങ്കോക്കിലാവും ചെയ്യുക. ബാങ്കോക്ക്‌ എന്നു പറയുന്നത്‌ ആക്ഷൻ സിനിമകളുടെ ഒരു പറുദീസയാണ്‌. ആദ്യം ഒരു ഫോറി നർ ആയിരുന്നു ഇതിന്റെ ആക്ഷൻ മാസ്റ്റർ. പിന്നീട്‌ ‘അലൻ അമൻ’ എന്ന ഇന്ത്യയിലെ തന്നെ ഒരു വലിയ ആക്ഷൻ മാസ്റ്ററിനെ ഇതിനു വേണ്ടി തിരഞ്ഞെടുത്തു. ‘ധൂം’ സിനിമയുടെ ആക്ഷൻ ചെയ്തതും അദ്ദേഹമായിരുന്നു.
കാണ്ഡഹാറിൽ അമിതാഭ്‌ ബച്ചനുമായുള്ള എക്സ്പീരിയൻസ്‌?
കാണ്ഡഹാറിന്റെ ഏറ്റവും വലിയ വിശേഷം അമിതാഭ്‌ ബച്ചൻ തന്നെയാണ്‌. ‘ആഗ്‌’, ‘കമ്പനി’ എന്നീ സിനിമകളിലും അദ്ദേഹ ത്തോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്‌. ഒരുപാട്‌ ഭാഗ്യം ചെയ്ത ആളാണ്‌ ഞാൻ. പ്രേം നസീർ, ശിവാജി ഗണേശൻ, നാഗേശ്വർ റാവു, അമിതാഭ്‌ ബച്ചൻ, രാജ്‌ കുമാർ തുടങ്ങിയവരുമായിട്ടൊക്കെ സിനിമ ചെയ്യാൻ എനിക്ക്‌ കഴിഞ്ഞു. വേറേ ഏതെങ്കിലും ഒരു നടന്‌ ഇത്രയും വലിയ ഭാഗ്യം കിട്ടിയിട്ടുണ്ടോ എന്നറിയില്ല. ഇതിൽ തന്നെ രാജ്‌ കുമാറുമായി വളരെ നല്ല ബന്ധമുണ്ടായി രുന്നു. ഇവരുമായിട്ടൊക്കെ അഭിനയിക്കുമ്പോൾ ഒരുപാട്‌ കാര്യങ്ങൾ നാം അവരിൽ നിന്നും പഠിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ എന്ന്‌ പറയുന്ന നടൻ പ്രൊഫഷനെ അത്രയധികം സ്നേഹിക്കുകയും റോളിനു വേണ്ടി വളരെയധികം കഷ്ടപ്പെടു കയും ചെയ്യുന്ന ഒരാളാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ അദ്ദേഹം ഇന്നും ഇങ്ങനെയിരിക്കുന്നത്‌.
നടനായ മോഹൻലാലിനു ലെഫ്‌: കേണൽ പദവി കിട്ടിയതിനുശേഷം അഭിനയ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
അത്യപൂർവ്വമായി മാത്രം സംഭവിക്കാവുന്ന ഒരു കാര്യമാണ്‌ എനിയ്ക്ക്‌ കിട്ടിയ പദവി. അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു ത്രിൽ ഉണ്ടല്ലോ അത്‌ വളരെ വലുതാണ്‌. നമ്മുടെ രാജ്യത്തോട്‌ തീർച്ചയായും നമുക്ക്‌ സ്നേഹമുണ്ട്‌. അത്തരം സിനിമകളും ഒരുപാട്‌ ചെയ്തിട്ടുണ്ട്‌. ആർമി അല്ലെങ്കിൽ പട്ടാളക്കാരൻ എന്താ ണെന്ന്‌ ആരെയും പറഞ്ഞ്‌ മനസ്സിലാക്കാൻ കഴിയില്ല. കാഷ്മീ രിലോ അല്ലെങ്കിൽ കാർഗിലോ പോലെയുള്ള സ്ഥലങ്ങളിൽ പോയി നിൽക്കുമ്പോൾ മാത്രമേ ആർമിയോട്‌ നമുക്ക്‌ സ്നേഹം തോന്നൂ. എന്റെ പ്രൊഫഷൻ സിനിമയാണ്‌. അതിന്‌ കിട്ടിയ ഒരു ഓണററി റാങ്കാണ്‌ ഈ പദവി. അതിനെ ഏറ്റവും മനോഹരമായി എങ്ങനെ കൊണ്ടുപോകാം എന്നുള്ളത്‌ സിനിമകളിൽ കൂടിയേ എനിയ്ക്ക്‌ വീണ്ടും കാണിക്കാൻ പറ്റൂ. അത്തരം ആർമി സിനിമകൾ എടുത്തിട്ട്‌ കൂടുതൽ ആൾക്കാരിൽ ആർമിയിൽ ചേരാൻ താൽപ്പര്യം ഉണ്ടാക്കണം. ഇങ്ങനൊരു പദവി കിട്ടിയതിനു ശേഷം അത്തരം സിനിമകൾ കൂടുതലായി ചെയ്യാനുള്ള താൽപ്പര്യവുമുണ്ട്‌.
വില്ലനായി വന്ന്‌ സൂപ്പർ സ്റ്റാറുകളായവരാണ്‌ രജനീകാന്തും ലാലേട്ടനും. രജനീകാന്ത്‌ അടുത്ത കാലത്തായി ആത്മീയ കാര്യങ്ങളിൽ മുഴുകുകയാണ്‌. ലാലേട്ടനും ആത്മീയ പാതയിലാണോ?
എല്ലാവർക്കും അത്തരം കാര്യങ്ങളൊക്കെ ഉണ്ടല്ലോ. കൂടുതൽ പുസ്തകങ്ങളൊക്കെ വായിക്കുമ്പോൾ അല്ലെങ്കിൽ അത്തരം
ആളുകളുമായി സംസാരിക്കുമ്പോൾ അതിനോടൊക്കെ ഒരു പ്രത്യേക താൽപ്പര്യം തോന്നും. എനിയ്ക്ക്‌ അത്തരം പുസ്തക ങ്ങളോടും യാത്രകളോടും പണ്ടേ ഒരു താൽപ്പര്യമുണ്ട്‌. നമ്മുടെ സിസ്റ്റം അനുസരിച്ച്‌ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അങ്ങനെ വേണമെന്നാണല്ലോ.രജനീകാന്ത്‌ ഒരു സിനിമ ചെയ്തു കഴിയുമ്പോൾ ഒരു യാത്ര പോകുകയാണ്‌. അത്തരം സ്ഥലങ്ങളിൽ പോകാനും വളരെയധികം ആളുകളെ കാണാനും എനിയ്ക്കും താൽപ്പര്യ മുണ്ട്‌. ഇതിനെ ആത്മീയത എന്നു വിളിക്കണ്ട. അതൊരു എക്സ്പീരിയൻസ്‌ ആണ്‌. അല്ലെങ്കിൽ ഒരു ഫീൽ. ഒരു പുസ്തകം വായിക്കുമ്പോഴോ, അമ്പലത്തിൽ പോകുമ്പോഴോ, സിനിമ കാണുമ്പോഴോ ഓരോരുത്തർക്കും ഓരോ രീതിയിലാണ്‌ അത്‌ തോന്നുന്നത്‌.
താരാധിപത്യം എന്നത്‌ പുതു തലമുറയ്ക്ക്‌ വഴിമാറി കൊടുക്കുന്നില്ല എന്ന ആരോപണമായി മാറുകയാണല്ലോ?
ഇത്‌ എന്തായിത്‌? റോഡിൽക്കൂടി നമ്മൾ ഡ്രൈവ്‌ ചെയ്ത്‌ പോകുകയൊന്നുമല്ലല്ലോ വഴിമാറിക്കൊടുക്കാൻ (ചിരിച്ചുകൊണ്ട്‌ ശരിയല്ലേ എന്ന്‌ ഞങ്ങളോടായി ചോദ്യം). ഞാനും മമ്മൂട്ടിയു മൊക്കെ വന്ന സമയത്ത്‌ ഒരുപാട്‌ നല്ല ഡയറക്ടേഴ്സിന്റെ കൂടെ വർക്ക്‌ ചെയ്യാനും ഒരുപാട്‌ നല്ല കഥാപാത്രങ്ങൾ ചെയ്യാനും പറ്റി. ഒരു നടന്റെ ഏറ്റവും വലിയ ഭാഗ്യമാണ്‌ നല്ല റോളുകൾ കിട്ടുക എന്നത്‌. ഇപ്പോൾ അത്തരത്തിലുള്ള കഥാപാത്രങ്ങളും കഥയു മൊന്നും വരുന്നില്ല. പദ്മരാജൻ, ഐ.വി ശശി, ഭരതൻ, ശശികു മാർ സർ, തമ്പി കണ്ണന്താനം, അല്ലെങ്കിൽ അരവിന്ദൻ അങ്ങനെ ഒരുപാട്‌ ആളുകളുടെ സിനിമകൾ ചെയ്തിട്ടാണ്‌ ഞാൻ ഇവിടെ യെത്തിയത്‌. ഞാൻ അഭിനയിച്ചതിനേക്കാളും നല്ല ഒരു പടം ഉണ്ടാകാനാണ്‌ ഞാൻ പ്രാർത്ഥിക്കുന്നത്‌. ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്‌ ഇതൊക്കെ ഒരുപാട്‌ ഓടിയ സിനിമകളാണ്‌. ഒരു പ്രിയദർശനല്ലേ ഉള്ളൂ, വേറൊരു പ്രിയദർശൻ ഉണ്ടാകില്ലല്ലോ. അതിലും നല്ല ആൾക്കാരാണു വരേണ്ടത്‌. കിലുക്കം പോലൊരു സിനിമ ചെയ്തിട്ട്‌ കാര്യമില്ല, കിലുക്കത്തിനേക്കാൾ ബെറ്റർ ആയിട്ടുള്ള സിനിമകൾ വരണം. തീർച്ചയായും സിനിമയ്ക്ക്‌ ഒരു ആത്മാവുണ്ടാകണം. ധാരാളം പുതിയ ഡയറക്ടേഴ്സ്‌ വരണം. അങ്ങനെയാണ്‌ സിനിമയിൽ റെവലൂഷൻ ഉണ്ടാക്കേണ്ടത്‌. അല്ലാതെ പഴയ ആൾക്കാർ മാറികൊടുക്കണം എന്നല്ല പറയേണ്ടത്‌. പുതിയ ആൾക്കാർ പ്രൂവ്‌ ചെയ്യണം എന്നിട്ടവർ മുന്നോട്ട്‌ വരണം, അതാണ്‌ വേണ്ടത്‌.
മോഹൻലാൽ എന്ന നടനെ സ്നേഹിയ്ക്കുന്ന ആരാധനാപൂർവം നോക്കിക്കാണുന്ന പലരും ഫാൻസ്‌ അസ്സോസിയേഷന്റെ പല പ്രവർത്തനങ്ങളേയും വിമർശിക്കുന്നുണ്ട്‌. ഇതിനെക്കുറിച്ച്‌?
ആരാണ്‌ ഈ വിമർശിക്കുന്നവർ? അവർ വിമർശിച്ചോട്ടെ. നമ്മൾ ഒരു സിനിമ ഇഷ്ടപ്പെടാൻ പാടില്ലെന്നോ ഒരു നടനെ ഇഷ്ടപ്പെടാൻ പാടില്ലെന്നോ ഉണ്ടോ? നമ്മൾ ചെയ്യുന്ന സിനിമകൾ കണ്ട്‌ ഇഷ്ടപ്പെടുന്നവരാണ്‌ ഫാൻസ്‌. സിനിമ ഓടിക്കുന്നത്‌ അവരല്ലേ. അവരൊക്കെ ഒരുപാട്‌ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്‌. വേറൊരാൾക്ക്‌ വെളിയിൽ നിന്ന്‌ ഇതിനെ വിമർശിക്കേണ്ട കാര്യമില്ലല്ലോ. ഞാനൊരു കാര്യം പറയാം, മുപ്പത്തിമൂന്നു വർഷമായി സിനിമയിൽ അഭിനയിക്കുന്ന ആളാണു ഞാൻ. ഇനിയെന്നെ നന്നാക്കുകയോ മോശമാക്കുകയോ ചെയ്യേണ്ട കാര്യമുണ്ടോ? ഞാൻ എന്റെ ജോലി ചെയ്തു പോകുക എന്നുള്ളതാണ്‌. അല്ലാതെ ഫാൻസ്‌ അസോസിയേഷൻ കൊള്ളില്ല എന്ന്‌ ഒരാൾ പറഞ്ഞാൽ ഞാൻ അതിന്റെ പിറകേ പോകേണ്ട കാര്യമില്ലല്ലോ. ശരിയല്ലെങ്കിൽ അത്‌ അവർ തന്നെ കറക്ട്‌ ചെയ്തോട്ടെ. ഞാൻ അതിൽ ഇടപെടുന്നില്ല. ഫാൻസ്‌ അസോസിയേഷനുകൾ ഒരിക്കലും ഞാൻ പറഞ്ഞിട്ട്‌ തുടങ്ങിയവയല്ല. എത്രയോ വർഷങ്ങളായി അവർ തനിച്ചു ചെയ്യുന്നതാണ്‌. ഒരുപാട്‌ നല്ല കാര്യങ്ങൾ അവർ ചെയ്യുമ്പോൾ എന്നെ വിളിച്ച്‌ പറയാറുണ്ട്‌. ഫാൻസ്‌ അസോസിയേഷനുകൾ ലോകത്ത്‌ എല്ലായിടത്തും ഉള്ളതല്ലേ.

6/4/11

കാത്തിരിക്കുക...അവന്‍ വരുന്നു, രാജാവിന്‍റെ മകന്‍!

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഒരു വാര്‍ത്ത. മോഹന്‍ലാല്‍ വീണ്ടും രാജാവിന്‍റെ മകന്‍! മലയാള സിനിമയിലെ ആണത്തത്തിന്‍റെ ആള്‍‌രൂപം വിന്‍സന്‍റ് ഗോമസ് തിരിച്ചു വരികയാണ്. സിനിമയുടെ തിരക്കഥാജോലികള്‍ ഡെന്നിസ് ജോസഫ് പൂര്‍ത്തിയാക്കിവരുന്നു.

1986ല്‍ റിലീസായ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്‍റെ മകന്‍. മോഹന്‍ലാലിന് മലയാളം പുതിയ താരസിംഹാസനം നല്‍കിയത് ആ ചിത്രത്തോടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആ സിനിമയുടെ തുടര്‍ച്ചയാണ് അണിയറയില്‍ ഒരുങ്ങുന്നത്.



ഏറെ പ്രത്യേകതകളുണ്ട് ഈ പ്രൊജക്ടിന്. എല്ലാവരും ചെയ്യുന്നതുപോലെ ഒരു രണ്ടാം ഭാഗമല്ല ഇത്. ഇത് ആ കഥയുടെ ഒന്നാം ഭാഗമാണ്. സിനിമയുടെ പേര് ‘രാജാവിന്‍റെ മകന്‍’ എന്നുതന്നെ ആയിരിക്കും. തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും ചേര്‍ന്ന് തിരക്കഥയുടെ ഫൈനല്‍ ടച്ചപ് നടത്തിവരുന്നു.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമ്പിയും ഡെന്നിസും തങ്ങുന്ന ക്യാമ്പുമായി ആന്‍റണി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഉടന്‍ തന്നെ തിരക്കഥ പൂര്‍ത്തിയാക്കാനാണ് ആന്‍റണി സംവിധായകനും തിരക്കഥാകൃത്തിനും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അതായത്, ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

വിന്‍‌സന്‍റ് ഗോമസ് എങ്ങനെ അധോലോകത്തിന്‍റെ രാജകുമാരനായി മാറി എന്നാണ് പുതിയ ‘രാജാവിന്‍റെ മകന്‍’ പറയുന്നത്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും.

6/1/11

മോഹന്‍‌ലാലിന്റെ അയല്‍ക്കാരി ശില്‍പ്പാ ഷെട്ടി

മോഹന്‍‌ലാലിന്റെ അയല്‍ക്കാരി ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടി. കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തോ അല്ല കേട്ടോ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് മോഹന്‍‌ലാലും ശില്‍പ്പയും അയല്‍ക്കാരാ‍കുന്നത്.

ബുര്‍ജ് ഖലീഫയുടെ ഇരുപത്തൊമ്പതാം നിലയില്‍ ലാല്‍ ഫ്ലാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. പത്തുകോടി രൂപയോളം വിലയുള്ള ഫ്ലാറ്റാണ് ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്.

ശില്‍പ്പാ ഷെട്ടി കഴിഞ്ഞ നവംബറിലില്‍ തന്നെ ബുര്‍ജില്‍ ഒരു അപ്പാര്‍ട്ടുമെന്റ് സ്വന്തമാക്കിയിരുന്നു. ശില്പയുടെ ജന്മദിനത്തില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര ഇവിടെ ഒരു അപ്പാര്‍ട്ടുമെന്റ് ജന്മദിന സമ്മാനമായി നല്‍കുകയായിരുന്നു.


അച്ചായനായി മോഹന്‍ലാല്‍, സംവിധാനം രഞ്ജിത്

സംവിധായകന്‍ രഞ്ജിത്തിന്റെ പഴയ പരിഭവങ്ങളും പിണക്കവുമെല്ലാം മാറി. ഒരിക്കല്‍ കൂടി രഞ്ജിത്തും മലയാളികളുടെ പ്രിയ താരവുമായ മോഹന്‍‌ലാലും ഒന്നിക്കുന്നു. മലയാള സിനിമയില്‍ പരീക്ഷണവഴിയിലൂടെ നടക്കുന്ന രഞ്ജിത് ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രവും ഒരു പരീക്ഷണമാണ്. ഏറെ പുതുമകളുള്ളൊരു പ്രമേയമാണ് സിനിമയായി മാറുന്നത്. വ്യത്യസ്ത മാനറിസങ്ങളുള്ള ഒരു കോട്ടയം അച്ചാ‍യനെയാണ് മോഹന്‍ലാലിനായി രഞ്ജിത് തയ്യാറാക്കിയിരിക്കുന്നത്.

പ്രമുഖ കഥാകൃത്ത് ഉണ്ണി ആര്‍ എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. കോട്ടയം ഭാഷ സംസാരിക്കുന്ന നായകനെ മോഹന്‍‌ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കും. ഒരു സ്‌ത്രീ ലമ്പടനായ കഥാപാത്രമാണ് ചിത്രത്തില്‍ ലാലിന്റേത്.

വിചിത്രമായ മോഹങ്ങള്‍ ഉള്ള ആളാണ് നായകന്‍. ഒരു കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ത്ത്‌ ഒരു സ്‌ത്രീയെ നഗ്നയാക്കി നിര്‍ത്തി ഭോഗിക്കണം എന്നതാണ് ഇയാളുടെ വിചിത്രമായ മോഹം. ഈ മോഹം നടപ്പിലാക്കാനായി ഇയാള്‍ ഒരു ദിവസം രാവിലെ യാത്ര പുറപ്പെടുന്നു. കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് വയനാട്ടിലാണ്. ഇതിനിടയില്‍ ഇയാള്‍ ചെന്നുചേരുന്ന ദേശങ്ങളും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

പൃഥ്വിരാജിനെ നായകനാക്കി രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’ എന്ന ചിത്രത്തിനുശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. മമ്മൂ‍ട്ടി തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്‍റ്’ എന്ന രഞ്ജിത് ചിത്രം വന്‍‌വിജയമായിരുന്നു.

ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ദേവാസുരം, മായാമയൂരം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ്, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം, റോക്ക് ‘ന്‍ റോള്‍ എന്നിവയാണ് മോഹന്‍ലാലുമായി രഞ്ജിത് സഹകരിച്ച ചിത്രങ്ങള്‍. റോക്ക് ‘ന്‍ റോളിന് ശേഷം മോഹന്‍ലാല്‍ ‘അടച്ചിട്ട ഒരു മുറി’യായി രഞ്ജിത്തിന് മുന്നില്‍ മാറി. മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ലെന്നും വേഗം സമീപിക്കാനാവുന്നത് മമ്മൂട്ടിയെയാണെന്നും രഞ്ജിത് അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

എന്തായാലും രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

മോഹന്‍‌ലാലിന്റെ കാസനോവ ഓഗസ്റ്റ്‌ 31ന്



ഇന്നു വരും നാളെ വരും മറ്റന്നാള്‍ വരും എന്ന അവസ്ഥയായിരുന്നു മോഹന്‍ലാല്‍ നായകനാകുന്ന കാസനോവയ്ക്ക്. പടം ഉപേക്ഷിച്ചില്ലെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും അനിശ്ചിതകാലത്തേയ്ക്ക് ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണെന്നും പലതവണ വാര്‍ത്തകള്‍ വന്നു. എന്തായാലും ഇപ്പോള്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടുണ്ട്. മോഹന്‍ലാലിന്റെ ഓണച്ചിത്രമായി കാസനോവ ഓഗസ്റ്റ്‌ 31ന് റിലീസ് ചെയ്യും.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു.

ഇന്‍റര്‍നാഷണല്‍ ഫ്ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍‌ലാലിന്റെ കാസനോവ. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

ഈ ലൌ ത്രില്ലര്‍ പ്രണയവും പകയും ഒരുപോലെ ആഘോഷിക്കുന്ന ചിത്രമാണ്. സഞ്ജയ് - ബോബി ടീമാണ് കാസനോവയ്ക്ക് തിരക്കഥ രചിക്കുന്നത്. ശ്രേയ, റോമ, സഞ്ജന തുടങ്ങിയവരാണ് നായികമാര്‍. ഗോപി സുന്ദര്‍, അല്‍‌ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.