6/1/11

മോഹന്‍‌ലാലിന്റെ കാസനോവ ഓഗസ്റ്റ്‌ 31ന്



ഇന്നു വരും നാളെ വരും മറ്റന്നാള്‍ വരും എന്ന അവസ്ഥയായിരുന്നു മോഹന്‍ലാല്‍ നായകനാകുന്ന കാസനോവയ്ക്ക്. പടം ഉപേക്ഷിച്ചില്ലെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും അനിശ്ചിതകാലത്തേയ്ക്ക് ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണെന്നും പലതവണ വാര്‍ത്തകള്‍ വന്നു. എന്തായാലും ഇപ്പോള്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടുണ്ട്. മോഹന്‍ലാലിന്റെ ഓണച്ചിത്രമായി കാസനോവ ഓഗസ്റ്റ്‌ 31ന് റിലീസ് ചെയ്യും.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു.

ഇന്‍റര്‍നാഷണല്‍ ഫ്ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍‌ലാലിന്റെ കാസനോവ. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

ഈ ലൌ ത്രില്ലര്‍ പ്രണയവും പകയും ഒരുപോലെ ആഘോഷിക്കുന്ന ചിത്രമാണ്. സഞ്ജയ് - ബോബി ടീമാണ് കാസനോവയ്ക്ക് തിരക്കഥ രചിക്കുന്നത്. ശ്രേയ, റോമ, സഞ്ജന തുടങ്ങിയവരാണ് നായികമാര്‍. ഗോപി സുന്ദര്‍, അല്‍‌ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.