9/24/11

SNEHAVEEDU

സ്നേഹവീട് RELEASE ON SEP30
കേരളത്തിന്റെ മണ്ണില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ ലോകവുമായി സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍- ഷീല ടീം വരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു.

നാടും വീടും അമ്മയും സുഹൃത്തുക്കളും മാത്രം ചേര്‍ന്നതായിരുന്നു അജയന്റെ ലോകം. നീണ്ട ഇടവേളയ്ക്ക് നാട്ടിലെത്തിയപ്പോള്‍ ആ ലോകം അവന്‍ സ്വന്തമാക്കുകയായിരുന്നു. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ വിവാഹംപോലും അവന്‍ മറന്നുപോയി... ഒരു ദിവസം രാത്രി അജയന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ ഇരുട്ട്... ലൈറ്റ് പോലും ഇട്ടിട്ടില്ല ...പശു തൊഴുത്തിന് പുറത്ത് ... അജയന്‍ ഓടി വീടിന്റെ ഉമ്മറത്തേക്ക് കയറി... വരാന്തയിലെ കസേരയില്‍ നിന്ന് ഒരു രൂപം ഉയര്‍ന്നു... ലൈറ്റിട്ടപ്പോള്‍ ഒരു പയ്യന്‍... ''ആരാ'' അജയന്‍ ഉറക്കെ ചോദിച്ചു. പയ്യന്‍ തല കുനിച്ചു... അജയന്‍ അമ്മയെത്തേടി അകത്തേക്ക് കയറി. അകത്തെ കട്ടിലില്‍ കത്തുന്ന കണ്ണുകളുമായി അമ്മ.
''ആരാ...അമ്മേ...അത്'' അജയന്‍ ചോദിച്ചു.

''എനിക്കറിയില്ല'' ദേഷ്യത്തോടെയുള്ള മറുപടി. അടുക്കളയിലെ വരാന്തയില്‍ നിന്ന് കരയുന്ന സുനന്ദ...
'എന്താ ഇവിടെ പ്രശ്‌നം? എന്തിനാ കരയുന്നത്? ആരാ ആ പയ്യന്‍?'' അജയന്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
''അത്...അജയേട്ടനെ കാണാന്‍ വന്നതാ...''
''അതിനെന്താ...ഞാന്‍ കണ്ടോളാം അതിന് നിങ്ങളെന്തിനാ ടെന്‍ഷനടിക്കുന്നത്?''
''അത്...അജയേട്ടന്റെ മോനാ...''
''എന്റെ മോനോ!'' അജയന്‍ ഞെട്ടി.
അജയനെ കാണാന്‍ ചെന്നൈയില്‍ നിന്നാണ് ആ പയ്യന്‍ വന്നത്. അജയന്‍ പയ്യനെ ചോദ്യം ചെയ്തു. വിരട്ടി. ഒടുവില്‍ തിരിച്ചയയ്ക്കാന്‍ ഹൈവേയിലെ ബസ്റ്റോപ്പില്‍കൊണ്ടുവിട്ട് വീട്ടിലേക്ക് തിരിച്ചുവന്നു. പിറ്റേദിവസം ഉണര്‍ന്നപ്പോള്‍ ആ പയ്യന്‍ വീണ്ടും വരാന്തയില്‍ ഇരിക്കുന്നു.

ബസ് കിട്ടാതെ വഴിവക്കില്‍ നിന്ന പയ്യനെ നാട്ടുകാരാണ് അസമയത്ത് അജയന്റെ വീട്ടിലെത്തിച്ചത്. 'അജയന്റെ മകന്‍' തറവാട്ടിലെത്തിയ വാര്‍ത്ത നാടുമുഴുവന്‍ പരന്നു. വിവാഹം കഴിക്കാത്ത അജയന്റെ കുട്ടി-അവന് നാണക്കേടായി. പക്ഷേ, അമ്മ അവനെ സ്വീകരിച്ചു. സുഹൃത്തുക്കളും നാട്ടുകാരും സ്വീകരിച്ചു. പക്ഷേ, അജയന്‍ ധര്‍മസങ്കടത്തിലായി...

അജയന്‍ അച്ഛനാണെന്ന് തെളിയിക്കാന്‍ പയ്യന്റെ കൈവശം അജയന്റെ പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഉണ്ടായിരുന്നു. അമ്മയുടെ പെട്ടിയില്‍ നിന്നാണ് ആ ഫോട്ടോ പയ്യന് കിട്ടിയത്. 20 ദിവസം മുന്‍പ് അവന്റെ അമ്മ മരിച്ചുപോയത്രേ.
ഒരു പേരക്കുട്ടിക്കുവേണ്ടി ആഗ്രഹിച്ചിരുന്ന അമ്മുക്കുട്ടിയമ്മ പയ്യനെ സ്വീകരിച്ചു. ചെറിയകാലം കൊണ്ട് അവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിമാറി. അജയന്‍ കുരുക്കഴിക്കാന്‍ ശ്രമിക്കുന്തോറും കുരുക്ക് മുറുകിക്കൊണ്ടിരുന്നു.

അജയന്റെ സുഹൃത്തായിരുന്നു മലപ്പുറത്തെ എസ്.ഐ. ബാലചന്ദ്രന്‍. ബാലചന്ദ്രന്‍ നാട്ടിലെത്തിയപ്പോള്‍ അജയന്‍ പ്രശ്‌നം അവതരിപ്പിച്ചു. പോലീസ് മുറയില്‍ പയ്യനെ ചോദ്യം ചെയ്‌തെങ്കിലും കാര്യം ഉണ്ടായില്ല. അജയന്റെ അമ്മ അവന്റെ സംരക്ഷകയായി...
രക്തബന്ധത്തിന്റെ സത്യം അറിയാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ അവര്‍ തയ്യാറായി. അജയനും ബാലചന്ദ്രനും പയ്യനെയുംകൊണ്ട് ഹോസ്പിറ്റലിലെത്തി. അതിനുവേണ്ട ഒരുക്കത്തിനിടയില്‍ സംശയം തോന്നി അജയന്റെ അമ്മ അമ്മുക്കുട്ടിയമ്മ ഹോസ്പിറ്റലിലേക്ക് ഓടിയെത്തി. പേരക്കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു അവരുടെ വേവലാതി. പയ്യന്‍ അജയന്റെ മകനാണോ എന്ന സംശയം തീര്‍ക്കാന്‍ ഒരു ബ്ലഡ് ടെസ്റ്റ് നടത്താന്‍ വന്നതാണെന്ന് ബാലചന്ദ്രന്‍ അമ്മുക്കുട്ടിയമ്മയോട് പറഞ്ഞു.

''നിന്റെ അച്ഛന്റെ മകനാണ് നീ എന്ന് എന്ത് ടെസ്റ്റ് നടത്തിയാണ് തെളിയിച്ചത്...ഒരു ടെസ്റ്റും നടത്തേണ്ട, ഈശ്വരനാണ് മക്കളെ തരുന്നത്. എനിക്ക് നിന്നെ തന്നതും ഇവനെ തന്നതും ഈശ്വരനാണ്. അതിനപ്പുറത്ത് ഒരു ടെസ്റ്റും വേണ്ട''
അമ്മുക്കുട്ടിയമ്മ പൊട്ടിത്തെറിച്ചു... പയ്യന്റെ കൈപിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു.
അജയന് സത്യം തെളിയിക്കാന്‍ വീണ്ടും അടവുകള്‍ പയറ്റേണ്ടിവന്നു.

ചിത്രത്തില്‍ അജയനായി മോഹന്‍ലാലും എസ്.ഐ. ബാലചന്ദ്രനായി ബിജു മേനോനും അമ്മുക്കുട്ടിയമ്മയായി ഷീലയും സുനന്ദയായി പത്മപ്രിയയും പയ്യനായി പുതുമുഖം രാഹുലും വേഷമിടുന്നു.
ഇന്നത്തെ ചിന്താവിഷയത്തിനുശേഷം സത്യന്‍ അന്തിക്കാട്-ലാല്‍ ടീം ഒന്നിക്കുന്ന ചിത്രം പാലക്കാടിന്റെ ഹരിതാഭയാര്‍ന്ന പശ്ചാത്തലത്തില്‍ രസകരമായ കുടുംബകഥ പറയുന്നു.