ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍
കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ വന്നേക്കാം.
എന്നാല്‍ ആലോചിച്ച് നോക്കിയാല്‍, മോഹന്‍ലാല്‍ എന്ന മഹാനടനാണ് മലയാള
സിനിമയുടെ ആക്ഷന്‍ ഉസ്താദ് എന്ന് വ്യക്തമാകും. ആക്ഷന്‍ സിനിമകളിലൂടെയാണ്
അദ്ദേഹം തന്‍റെ സൂപ്പര്‍താര പദവി ഉറപ്പിച്ചത്. ഇന്നും ആക്ഷന്‍
സിനിമകളിലൂടെയാണ് അദ്ദേഹം മെഗാഹിറ്റുകള്‍ തീര്‍ക്കുന്നതും.
ആക്ഷന്‍
ത്രില്ലറുകളില്‍ മാത്രം അഭിനയിക്കുന്ന ചില താരങ്ങള്‍ നമുക്കുണ്ട്.
എന്നാല്‍ അവരൊക്കെ ഒരു നിശ്ചിത കാലയളവില്‍ മാത്രം ശോഭിക്കുകയും അതിന് ശേഷം
പ്രേക്ഷകരെ മടുപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആക്ഷന്‍
സിനിമകളില്‍ അഭിനയിക്കുന്നത് മലയാളികള്‍ക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്ക്
ശേഷവും ആവേശകരമായ അനുഭവമാണ്. അതുകൊണ്ടുതന്നെയാണ്, മോഹന്‍ലാലിന്‍റെ പഴയ
ആക്ഷന്‍ സിനിമകള്‍ക്ക് തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍
ശ്രമം നടത്തുന്നതും.
മോഹന്‍ലാല്‍
മലയാളത്തിന് നല്‍കിയ ഉശിരന്‍ ആക്ഷന്‍ കഥാപാത്രങ്ങളിലേക്ക് ഒരു മടക്കയാത്ര
നടത്തുകയാണിവിടെ. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ആവേശം വിതറുന്ന
സീക്വന്‍സുകളുമുള്ള നൂറുകണക്കിന് ചിത്രങ്ങളില്‍ മോഹന്‍ലാല്‍
അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം മികച്ച വിജയം നേടിയിട്ടുമുണ്ട്. അവയില്‍
ചിലത്, ഒരിക്കലും മറക്കാനാവാത്തതെന്ന് കരുതുന്ന ചിലത്, തെരഞ്ഞെടുത്ത്
അവതരിപ്പിക്കുകയാണ്. മോഹന്‍ലാലിന്‍റെ ആ കഥാപാത്രങ്ങള്‍ക്കൊപ്പം മലയാള
സിനിമയുടെ സുവര്‍ണകാലത്തേക്കുള്ള ഒരു സഞ്ചാരം കൂടിയാകും ഇതെന്ന
കാര്യത്തില്‍ സംശയമില്ല.
മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 !
1986 വരെ ഒരു
അനിശ്ചിതത്വമായിരുന്നു. മോഹന്‍ലാല്‍ എന്ന നടന് ഏതുസ്ഥാനമാണ് നല്‍കുക എന്ന
കാര്യത്തില്‍. ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമ സംഭവിച്ചതോടെ
അക്കാര്യത്തില്‍ തീരുമാനമായി. മലയാളത്തിന്‍റെ താരരാജാവായി ആ സിനിമ
മോഹന്‍ലാലിനെ വാഴിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷവും, അന്ന് മലയാളികള്‍
നല്‍കിയ ആ സിംഹാസനത്തില്‍ മോഹന്‍ലാല്‍ തുടരുന്നു.
തമ്പി
കണ്ണന്താനം - ഡെന്നിസ് ജോസഫ് ടീമിന്‍റെ വമ്പന്‍ ഹിറ്റായിരുന്നു
രാജാവിന്‍റെ മകന്‍. വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകനായി, നെഗറ്റീവ്
കഥാപാത്രമായി മോഹന്‍ലാല്‍ കസറി. മലയാളികള്‍ക്ക് അതുവരെ അപരിചിതമായ ഒരു
ആക്ടിംഗ് സ്റ്റൈലിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി. ആ സിനിമയില്‍
മോഹന്‍ലാല്‍ പറയുന്ന ഡയലോഗുകള്‍ ഇന്നും ആവേശം ജനിപ്പിക്കുന്നതാണ്.
“രാജുമോന്‍
ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു
ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്.
പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ്
പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”
“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”
“മൈ ഫോണ്‍ നമ്പര്‍ ഈസ് 2255”
എന്തായാലും
ഈ സിനിമ വീണ്ടും ജനിക്കുകയാണ് എന്നാണ് ഒടുവിലത്തെ വിവരം. തമ്പി കണ്ണന്താനം
- ഡെന്നിസ് ജോസഫ് ടീം ഇതിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു
തട്ടിക്കൊണ്ടുപോയാല്‍ വിവരമറിയും !
ഹൈജാക്കിംഗിനെക്കുറിച്ച് എസ്
എന്‍ സ്വാമി ഒരു കഥ ആലോചിച്ചപ്പോല്‍ തന്നെ കെ മധു ആവേശത്തിലായി. ഒരു വലിയ
കൊള്ള സംഘം ഒരു ബസിലെ യാത്രക്കാരെ തട്ടിക്കൊണ്ടുപോകുന്നു. അവരെ എങ്ങനെ
രക്ഷിക്കും? പൊലീസിന് കഴിയുന്നില്ല. ചില പ്രശ്നങ്ങളെത്തുടര്‍ന്ന് പൊലീസ്
സേനയില്‍ നിന്ന് രാജിവച്ച അലി ഇമ്രാന്‍ എന്ന ഉദ്യോഗസ്ഥനെ ഈ ദൌത്യം
ഏല്‍പ്പിക്കാന്‍ ഡി ഐ ജി തീരുമാനിക്കുന്നു. അലി ഇമ്രാന്‍ സാഹസികമായ
നീക്കങ്ങളിലൂടെ ബസ് യാത്രക്കാരെയെല്ലാം രക്ഷിക്കുകയാണ്.
അലി
ഇമ്രാനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു 1988ല്‍ റിലീസായ
‘മൂന്നാം മുറ’. മലയാള സിനിമയില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു
വിഷയത്തെ വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ആ സിനിമ വന്‍ ഹിറ്റായി. ഈ
സിനിമ കാണാന്‍ തൃശൂര്‍ ജോസ് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്
ഒരാള്‍ മരിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. അലി ഇമ്രാനെ
ആവേശത്തോടെയല്ലാതെ ഇന്നും സ്മരിക്കുക വയ്യ. ഈ ചിത്രം മഗുഡു എന്ന പേരില്‍
തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും സൂപ്പര്‍ഹിറ്റായി. അലി ഇമ്രാനായി
തെലുങ്കില്‍ അഭിനയിച്ചത് ഡോ. രാജശേഖറായിരുന്നു.
കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ അന്ന് കേരളത്തില്‍ വ്യാപകമായിരുന്നു.
മൂന്നാം മുറ വലിയ തരംഗമായതോടെ ചെറിയ കുട്ടികള്‍ പോലും അന്ന്
പറഞ്ഞുനടന്നിരുന്നത് ഓര്‍ക്കുന്നു - “ഇനി തട്ടിക്കൊണ്ടുപോയാല്‍ വിവരമറിയും.
അലി ഇമ്രാന്‍ കൈകാര്യം ചെയ്തോളും” !
ദേശാഭിമാനം തുളുമ്പിയ സിനിമ !
ചില സംവിധായകര്‍ സിനിമയെ വളരെ
അലക്‍ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇവര്‍ എന്താണ് സിനിമയെക്കുറിച്ച്
കരുതിയിരിക്കുന്നത്? ഈ മീഡിയയോടുള്ള ഉത്തരവാദിത്തം പലരും മറന്നുപോകുന്നു.
സമീപകാലത്തിറങ്ങിയ സിനിമകളില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രം എന്നു
പറയാവുന്നത് കീര്‍ത്തിചക്ര മാത്രമാണ്” - മലയാളത്തിലെ ഏറ്റവും മികച്ച
സംവിധായകരിലൊരാളായ ഹരിഹരന്‍റെ വാക്കുകളാണിത്.
മേജര്‍
രവി സംവിധാനം ചെയ്ത ‘കീര്‍ത്തിചക്ര’ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും
മികച്ച സിനിമകളില്‍ ഒന്നാണ്. മേജര്‍ മഹാദേവന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും
ഉജ്ജ്വലമായ കഥാപാത്രവും. 2006ലാണ് കീര്‍ത്തിചക്ര റിലീസായത്. 15 കോടി
രൂപയായിരുന്നു ആ സിനിമയുടെ നിര്‍മ്മാണച്ചെലവ്. തമിഴിലെ വമ്പന്‍
നിര്‍മ്മാതാവായ ആര്‍ ബി ചൌധരി നിര്‍മ്മിച്ച ഈ ചിത്രം 20.8 കോടി രൂപ ഗ്രോസ്
കളക്ഷന്‍ നേടി.
കോ,
മുഖംമൂടി തുടങ്ങിയ സിനിമകളിലൂടെ ഇന്ന് തമിഴകത്ത് സൂപ്പര്‍താരമായ ജീവയുടെ
ആദ്യ മലയാളചിത്രം കൂടിയായിരുന്നു കീര്‍ത്തിചക്ര. മോഹന്‍ലാലിന്‍റെ വളരെ
സാഹസികമായ സ്റ്റണ്ട് രംഗങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.
അദ്ദേഹത്തിന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിക്കാന്‍ നിമിത്തമായത്
കീര്‍ത്തിചക്രയായിരുന്നു. ‘അരണ്‍’ എന്ന പേരില്‍ ഈ സിനിമ തമിഴിലേക്ക് ഡബ്ബ്
ചെയ്തു.
അവനെ അധോലോകം കാത്തിരുന്നു !
ദേവനാരായണന്‍ എന്ന അമ്പലവാസി
പയ്യന്‍ നാടുവിട്ട് ബോംബെയിലെത്തി. അവിടെ അവനെ കാത്തിരുന്നത്
അധോലോകത്തിന്‍റെ ചോരമണക്കുന്ന വഴികളായിരുന്നു. അവിടെ അവന്‍ രാജാവായി. ബോംബെ
അധോലോകം അവന്‍റെ ചൊല്‍പ്പടിയില്‍ നിന്നു. എല്ലാം ഉപേക്ഷിച്ച് നാട്ടില്‍
മടങ്ങിയെത്തിയ അവനെ കാത്തിരുന്നതും അത്ര ശുഭകരമായ കാര്യങ്ങളായിരുന്നില്ല.
ബോംബെ
അധോലോകത്തിന്‍റെ കഥ പറഞ്ഞ ഈ സിനിമയുടെ പേര് ‘ആര്യന്‍’. ദേവനാരായണന്‍ എന്ന
നായകനായി മോഹന്‍ലാല്‍. പ്രിയദര്‍ശന്‍റെ ലക്ഷണമൊത്ത ആദ്യ ആക്ഷന്‍ സിനിമ. ടി
ദാമോദരന്‍റെ രചന. 1988ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബ്ലോക്ക്
ബസ്റ്ററായിരുന്നു. അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം
തിരുത്തിയെഴുതി.
വെള്ളാനകളുടെ
നാട്, ആര്യന്‍, ചിത്രം എന്നീ പ്രിയദര്‍ശന്‍ സിനിമകള്‍ നാലുമാസങ്ങളുടെ
ഇടവേളയിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇവ മൂന്നും വമ്പന്‍ ഹിറ്റുകളായി
മാറി.
കുറ്റവാളി ആരായിരുന്നാലും അവന് പിന്നാലെ...
“കുറ്റവാളി ആരായിരുന്നാലും
അവന് പിന്നാലെ ഒരു പിന്‍ഗാമി ഉണ്ടായിരിക്കും” - പ്രണവം ആര്‍ട്സിന്‍റെ
ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച ‘പിന്‍ഗാമി’ എന്ന ചിത്രത്തിന്‍റെ
പരസ്യവാചകമായിരുന്നു അത്. തന്‍റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി സത്യന്‍
അന്തിക്കാട് ഒരുക്കിയ സിനിമയായിരുന്നു ‘പിന്‍ഗാമി’. രഘുനാഥ്
പലേരിയായിരുന്നു തിരക്കഥാകൃത്ത്.
ക്യാപ്ടന്‍
വിജയ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് പിന്‍ഗാമിയില്‍ മോഹന്‍ലാല്‍
അവതരിപ്പിച്ചത്. തിലകന്‍ അവതരിപ്പിച്ച കുമാരേട്ടന്‍ എന്ന കഥാപാത്രത്തിന്‍റെ
കൊലപാതകം അന്വേഷിക്കുന്ന അയാള്‍ ഒടുവില്‍ എത്തിച്ചേരുന്നത് തന്‍റെ
പിതാവിന്‍റെ ഘാതകരുടെ അടുത്താണ്. 1994ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ
നിര്‍മ്മാണച്ചെലവ് ഒന്നരക്കോടി രൂപയായിരുന്നു. ചിത്രം രണ്ടുകോടി രൂപ ഗ്രോസ്
കളക്ഷന്‍ നേടി.
ഈ
സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അകന്നു. പിന്നീട്
2006ല്‍ ‘രസതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും
ഒന്നിക്കുന്നത്.
മയക്കുമരുന്നു മാഫിയയുടെ കഥ
കോവളം
ബീച്ചിലെ മയക്കുമരുന്നു മാഫിയയുടെ കഥയുമായി 1989ലാണ് സീസണ്‍
പ്രദര്‍ശനത്തിനെത്തിയത്. മലയാള സിനിമയ്ക്ക് അതുവരെ പരിചയമില്ലാത്ത
പ്രമേയവും പശ്ചാത്തലവുമായിരുന്നു സീസണിന്‍റേത്. ഡ്രഗ് മാഫിയയുടെ
ആക്രമണത്തില്‍ ജീവന്‍ എന്ന ഫോറിന്‍ ഗുഡ്സ് കച്ചവടക്കാരന്‍റെ സുഹൃത്തുക്കള്‍
കൊല്ലപ്പെടുന്നതും ആ കേസില്‍ അയാള്‍ ജയിലിലാകുന്നതുമായിരുന്നു കഥ. ജയില്‍
ചാടുന്ന ജീവന്‍ പ്രതികാരം ചെയ്യുകയാണ്.
“എന്‍റെ
പേര് ജീവന്‍. മഞ്ഞില്‍ കുളിച്ച ഈ പ്രഭാതവും തെരുവു വിളക്കുകളുമെല്ലാം
കുറച്ചുവര്‍ഷത്തേക്ക് എനിക്ക് നഷ്ടമാകുകയാണോ എന്ന ആശങ്ക എനിക്കുണ്ട്.
എങ്കിലും എനിക്ക് അക്കാര്യത്തില്‍ തെല്ലും കുറ്റബോധമില്ല” എന്ന മുഖവുരയോടെ
ജീവന്‍ എന്ന കഥാപാത്രം മലയാളികള്‍ക്ക് പറഞ്ഞുതരികയായിരുന്നു ആ കഥ. പി
പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് സീസണ്‍.
മോഹന്‍ലാലിനെക്കൂടാതെ
മണിയന്‍പിള്ള രാജു, അശോകന്‍, ഗവിന്‍ പക്കാര്‍ഡ്, ശാരി
തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. വയലന്‍സിന് പ്രാധാന്യം നല്‍കി
പത്മരാജന്‍ സൃഷ്ടിച്ച സീസണ്‍ പക്ഷേ, ബോക്സോഫീസില്‍ വലിയ തരംഗം
സൃഷ്ടിച്ചില്ല. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്.
പകരക്കാരില്ലാത്ത ഡോണ്‍
1987ല്‍ കെ മധു സംവിധാനം
ചെയ്ത ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. മലയാള സിനിമ അതുവരെ കണ്ടിരുന്ന
ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍
സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന
കഥാപാത്രം തരംഗമായി മാറി. കള്ളക്കടത്തിലും അധോലോക പ്രവര്‍ത്തനത്തിലും പോലും
ഒരു എത്തിക്സ് കാത്തുസൂക്ഷിക്കുന്ന ഡോണ്‍ ആയിരുന്നു സാഗര്‍ എലിയാസ്
ജാക്കി. കഞ്ചാവ് ആളെക്കൊല്ലും എന്ന തിരിച്ചറിവുള്ളതിനാല്‍
മയക്കുമരുന്നിന്‍റെ ബിസിനസ് ഒരിക്കലും ചെയ്യില്ലെന്ന് ശപഥം ചെയ്ത ജാക്കി.
ഈ
സിനിമ അക്കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. 40 ലക്ഷം രൂപയാണ്
ചെലവായത്. നാലരക്കോടി രൂപയാണ് ഇരുപതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ നിന്ന്
വാരിക്കൂട്ടിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായ ‘സാഗര്‍ എലിയാസ്
ജാക്കി റീലോഡഡ്’ എന്ന ചിത്രം പക്ഷേ പരാജയമായി. കെ മധുവിന് പകരം അമല്‍
നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
വളരെ
യാദൃശ്ചികമായാണ് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമ സംഭവിക്കുന്നത്. കെ
മധുവിന് വേണ്ടി ഒരു സിനിമ എഴുതി നല്‍കാമെന്ന് ഡെന്നിസ് ജോസഫ്
വാക്കുനല്‍കിയിരുന്നു. എന്നാല്‍ ആ പ്രൊജക്ടിന്‍റെ സമയത്ത് തിരക്കായതിനാല്‍
ഡെന്നിസിന് തിരക്കഥ എഴുതാനായില്ല. ഡെന്നിസ് നിര്‍ബന്ധിച്ചിട്ടാണ് എസ് എന്‍
സ്വാമി ‘ഇരുപതാം നൂറ്റാണ്ട്’ എഴുതാന്‍ തീരുമാനിക്കുന്നത്. അത് ചരിത്രം
സൃഷ്ടിച്ച വിജയമായി മാറി.
എതിര്‍പ്പുള്ളവര്‍ തല്ലിത്തോല്‍പ്പിക്കുക !
ആക്ഷന്‍ സിനിമകളില്‍
മോഹന്‍ലാലിന് ഒരു താളമുണ്ട്. ആ താളം കൃത്യമായി മനസിലാക്കിയ സംവിധായകനാണ്
ജോഷി. ജോഷി - മോഹന്‍ലാല്‍ ടീം ഒരുക്കിയ ‘നരന്‍’ ഏറെ പ്രത്യേകതകളുള്ള ഒരു
സിനിമയായിരുന്നു. അത് നഗരത്തില്‍ സംഭവിക്കുന്ന ഒരു കഥയായിരുന്നില്ല.
മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലെ പച്ചമനുഷ്യരുടെ ജീവിതമായിരുന്നു.
മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ആ ഗ്രാമത്തിന്‍റെ
ഹീറോയായിരുന്നു.
‘എതിര്‍പ്പുള്ളവര്‍
തല്ലിത്തോല്‍പ്പിക്കുക’ എന്ന നിര്‍ദ്ദേശത്തോടെ വേലായുധന്‍ ചില നിയമങ്ങള്‍
മുള്ളന്‍കൊല്ലിയില്‍ നടപ്പാക്കിയിട്ടുണ്ട്. അത് ഗ്രാമീണര്‍ അംഗീകരിച്ചത്
അവനോടുള്ള ഇഷ്ടംകൊണ്ട് കൂടിയായിരുന്നു. 2005 സെപ്റ്റംബര്‍ മൂന്നിന്
റിലീസായ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് മൂന്നുകോടി രൂപയായിരുന്നു. ചിത്രം
14.56 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി.
രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയ നരന്‍ നിര്‍മ്മിച്ചത് ആന്‍റണി പെരുമ്പാവൂരായിരുന്നു.
സാഹസികതയുടെ അവസാനവാക്ക്
ആക്ഷന്‍ സിനിമകള്‍ക്ക് ഒരു
പുതിയ ഡയമെന്‍ഷന്‍ നല്‍കിയ സിനിമയായിരുന്നു 1989ല്‍ പുറത്തിറങ്ങിയ ദൌത്യം.
മോഹന്‍ലാലിന്‍റെ സാഹസിക രംഗങ്ങളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്.
ക്യാപ്ടന്‍ റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍
അവതരിപ്പിച്ചത്.
ഒരു
ആര്‍മി വിമാനം വനത്തില്‍ തകര്‍ന്നു വീഴുന്നതും അതില്‍ അകപ്പെട്ടവരെ
രക്ഷിക്കാന്‍ ക്യാപ്ടന്‍ റോയ് നടത്തുന്ന നീക്കങ്ങളുമാണ് ദൌത്യത്തിന്‍റെ
പ്രമേയം. അനില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് പോസ്റ്റര്‍
ഡിസൈനര്‍ ഗായത്രി അശോകനായിരുന്നു. 1989ല്‍ ഈ സിനിമ ഒന്നരക്കോടി രൂപ
മുടക്കിയാണ് നിര്‍മ്മിച്ചത്. സിനിമ വന്‍ വിജയമായി മാറി.
വനാന്തരങ്ങളിലും
പാറക്കെട്ടുകളിലും കുത്തിയൊഴുകുന്ന നദികളിലുമുള്ള ആക്ഷന്‍ രംഗങ്ങള്‍
ധാരാളമുണ്ടായിരുന്നു ദൌത്യത്തില്‍. ഈ സിനിമയുടെ ടെക്നിക്കല്‍ ബ്രില്യന്‍സ്
ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.
പിന്നാലെ പൊലീസിന്‍റെ വെടിയുണ്ടകള്‍
ആര്യന് ശേഷം പ്രിയദര്‍ശന്‍ -
ടി ദാമോദരന്‍ ടീം ഒരുക്കിയ അധോലോക സിനിമയായിരുന്നു അഭിമന്യു. ഈ
സിനിമയ്ക്കും പശ്ചാത്തലം മുംബൈ അധോലോകമായിരുന്നു. ഹരികൃഷ്ണന്‍ എന്ന
കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഹരികൃഷ്ണന്‍
‘ഹരിയണ്ണ’ എന്ന അധോലോക നായകനായി മാറുന്ന കഥയായിരുന്നു അഭിമന്യു പറഞ്ഞത്.
വാളെടുത്തവന്‍
വാളാല്‍ എന്ന സാമാന്യനിയമം ഹരിയണ്ണനെയും കാത്തിരിപ്പുണ്ടായിരുന്നു. അധോലോക
ഭരണത്തിനൊടുവില്‍ ഒരു പലായനത്തിനിടെ അയാള്‍ പൊലീസിന്‍റെ വെടിയുണ്ടകള്‍ക്ക്
ഇരയായി.
‘ക്രൈം
നെവര്‍ പെയ്സ്’ എന്നായിരുന്നു അഭിമന്യുവിന്‍റെ ടാഗ്‌ലൈന്‍. ചിത്രം വന്‍
ഹിറ്റായി മാറി. അടുത്തിടെ മന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞത് “അഭിമന്യു
ഇപ്പോള്‍ ടി വിയില്‍ കാണുമ്പോഴും ആ സിനിമയുടെ പെര്‍ഫെക്ഷന്‍ കണ്ട്
അത്ഭുതപ്പെടാറുണ്ട്” എന്നാണ്.
അവന്‍, കാണേണ്ട എന്നു പറയുന്നതേ കാണൂ...
മംഗലശ്ശേരി മാധവമേനോന്‍റെ
ത്രിപ്പുത്രന്‍. അവന്‍ കാണേണ്ട എന്നു പറയുന്നതേ കാണൂ. കേള്‍ക്കേണ്ടാ എന്നു
പറയുന്നതേ കേള്‍ക്കൂ. മംഗലശ്ശേരി നീലകണ്ഠന്‍ മലയാളികളുടെ മനസില്‍
കല്‍വിളക്കുപോലെ ജ്വലിച്ചു നില്‍ക്കുന്ന കഥാപാത്രമാണ്. ആണത്തത്തിന്‍റെ,
നിഷേധത്തിന്‍റെ, സ്നേഹത്തിന്‍റെ, ശക്തിയുടെ പ്രതിരൂപം.
നല്ല
കലാകാരന്‍മാരെയും നല്ല ചട്ടമ്പികളെയും മാത്രം ബഹുമാനിക്കുന്ന നീലകണ്ഠനെ
രഞ്ജിത് എഴുതിയപ്പോള്‍ സ്ക്രീനില്‍ മോഹന്‍ലാലല്ലാതെ മറ്റൊരാളെ
ചിന്തിക്കാന്‍ പോലും ആകില്ലായിരുന്നു. മുണ്ട് മാടിക്കുത്തി, മീശ പിരിച്ച്,
ശത്രുവിന്‍റെ നെഞ്ചില്‍ ചവിട്ടി ആക്രോശിക്കുന്ന ദേവാസുരത്തിലെ നീലകണ്ഠന്‍
പ്രേക്ഷകര്‍ ആരാധനയോടെ നോക്കിനിന്ന കഥാപാത്രമാണ്.
മുല്ലശ്ശേരി
രാജഗോപാല്‍ എന്ന എല്ലാവരുടെയും രാജുവേട്ടന്‍റെ ജീവിതമായിരുന്നു ദേവാസുരം
എന്ന കഥയ്ക്കാധാരം. ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. ആറാം
തമ്പുരാന്‍, നരസിംഹം തുടങ്ങി മോഹന്‍ലാലിന്‍റെ പല മെഗാഹിറ്റുകളുടെയും
അടിസ്ഥാനം ദേവാസുരം എന്ന ക്ലാസിക്കായിരുന്നു.
ഒരുകോടി
രൂപയായിരുന്നു ദേവാസുരത്തിന് ചെലവായത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ
‘രാവണപ്രഭു’ സംവിധാനം ചെയ്തുകൊണ്ടാണ് രഞ്ജിത് സംവിധാനരംഗത്തേക്ക്
കടക്കുന്നത്.
അര്‍ജ്ജുനാകാന്‍ മറ്റാര്‍ക്കുമാകില്ല
1989ല്‍ ജോഷിയുടെ
സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’.
മരിയോ പുസോയുടെ ‘ഗോഡ്ഫാദര്‍’ മലയാളീകരിച്ചതായിരുന്നു ഈ സിനിമ. മധുവും
മോഹന്‍ലാലും അച്ഛനും മകനുമായി അഭിനയിച്ച ഈ സിനിമ വന്‍ ഹിറ്റായി മാറി. എസ്
എന്‍ സ്വാമിയായിരുന്നു തിരക്കഥാകൃത്ത്.
അര്‍ജ്ജുന്‍
എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങിയ നാടുവാഴികള്‍ മികച്ച
ആക്ഷന്‍ സീനുകളാലും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തളാലും
സമ്പന്നമായിരുന്നു.
2012ല്‍
നാടുവാഴികളുടെ റീമേക്ക് റിലീസായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘സിംഹാസനം’
എന്ന ചിത്രം പക്ഷേ ദയനീയ പരാജയമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച
അര്‍ജ്ജുനെയും പൃഥ്വിരാജിന്‍റെ അര്‍ജ്ജുനെയും പ്രേക്ഷകര്‍
താരതമ്യപ്പെടുത്തിയതായിരുന്നു സിംഹാസനം തകര്‍ന്നടിയാന്‍ കാരണം.
കോടികള്‍ മൂല്യമുള്ള ഓട്ടക്കാലണ !
മംഗലശ്ശേരി നീലകണ്ഠന്‍
കഴിഞ്ഞാല്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ട
കഥാപാത്രമാണ് ആടുതോമ.“ആടിന്‍റെ ചങ്കിലെ ചോര കുടിക്കും. അതാണ് എന്‍റെ
ആരോഗ്യത്തിന്‍റെ രഹസ്യം. എന്‍റെ ജീവണ്‍ ടോണ്‍” എന്ന് കോടതിയില്‍ ജഡ്ജിയോട്
പറയുന്ന തോമയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.
1995ല്‍
പുറത്തിറങ്ങിയ ‘സ്ഫടികം’ മോഹന്‍ലാലിന് ഒരു പുതിയ ഇമേജ് സമ്മാനിച്ച
ചിത്രമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഡോ. സി
ജി രാജേന്ദ്രബാബു. തകര്‍പ്പന്‍ സംഭാഷണങ്ങളും സൂപ്പര്‍ സ്റ്റണ്ട്
രംഗങ്ങളുമായിരുന്നു ഈ സിനിമയുടെ പ്രത്യേകത. സില്‍ക്ക് സ്മിതയുടെ
സാന്നിധ്യവും ചിത്രത്തിന്‍റെ വിജയത്തിളക്കം കൂട്ടി. ഈ സിനിമയില്‍
‘കുറ്റിക്കാടന്‍’ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന
നടന്‍ ഇപ്പോള്‍ ‘സ്ഫടികം ജോര്‍ജ്ജ്’ എന്നാണ് അറിയപ്പെടുന്നത്.
തിലകന്‍,
ഉര്‍വ്വശി, നെടുമുടി വേണു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.
സ്ഫടികം സംവിധാനം ചെയ്ത ഭദ്രന്‍ ഇപ്പോള്‍ ചിത്രങ്ങളൊന്നും ചെയ്യുന്നില്ല.
2005ല്‍ പുറത്തിറങ്ങിയ ഉടയോനാണ് അദ്ദേഹം അവസാനം ചെയ്ത സിനിമ.
തമിഴില്‍
‘വീരാപ്പ്’, തെലുങ്കില്‍ ‘വജ്രം’, കന്നഡയില്‍ ‘മിസ്റ്റര്‍ തീര്‍ത്ഥ’
എന്നിങ്ങനെ സ്ഫടികത്തിന് റീമേക്കുകളുണ്ടായി. എന്നാല്‍ അവയൊന്നും വേണ്ടത്ര
വിജയം കണ്ടില്ല.
കാര്‍ലോസ് വീണപ്പോള്‍ കണ്ണന്‍ നായര്‍ !
രാജാവിന്‍റെ മകന്‍ ടീം
തന്നെയായിരുന്നു ‘ഇന്ദ്രജാലം’ എന്ന മെഗാഹിറ്റിന് പിന്നിലും. തമ്പി
കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിന് ഡെന്നിസ് ജോസഫായിരുന്നു
തിരക്കഥ. ‘കണ്ണന്‍ നായര്‍’ എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ
ചിത്രത്തില്‍ അവതരിപ്പിച്ചത്.
ബോംബെ
അധോലോകം പശ്ചാത്തലമായുള്ള ഒരു പ്രതികാര കഥയായിരുന്നു ഇന്ദ്രജാലം.
‘കാര്‍ലോസ്’ എന്ന കൊടിയ വില്ലനായി രാജന്‍ പി ദേവ് മിന്നിത്തിളങ്ങിയ ഈ സിനിമ
മോഹന്‍ലാലിന്‍റെ ഗംഭീരമായ ആക്ഷന്‍ പെര്‍ഫോമന്‍സിന് ഉദാഹരണമാണ്.
1990ല്‍
പുറത്തിറങ്ങിയ ‘ഇന്ദ്രജാലം’ മെഗാഹിറ്റായി. സന്തോഷ് ശിവന്‍റെ ഛായാഗ്രഹണ
മികവ് ഈ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഇരട്ടി പൊലിമ പകര്‍ന്നു.
അധോലോക
രാജാവ് കാര്‍ലോസ് പാതിവഴിയില്‍ മരിച്ചുവീണപ്പോള്‍ കണ്ണന്‍ നായര്‍ ആ
സാമ്രാജ്യത്തിന്‍റെ പുതിയ അമരക്കാരനായി. പല പ്രമുഖ സംവിധായകരും ഈ സിനിമ
റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
from http://malayalam.webdunia.com