9/14/12

മോഹന്‍ലാലിന്‍റെ ഇതുവരെ കാണാത്ത മുഖം !


മോഹന്‍ലാല്‍ മീശ പരിച്ചപ്പോഴൊക്കെ മലയാളത്തില്‍ മെഗാഹിറ്റുകള്‍ പിറന്നിട്ടുണ്ട്. പക്ഷേ ചില സംവിധായകര്‍ അദ്ദേഹത്തെക്കൊണ്ട് മീശ പിരിപ്പിക്കുന്നത് പതിവായപ്പോള്‍ പ്രേക്ഷകര്‍ക്ക് മടുത്തു. എങ്കിലും പൌരുഷത്തിന്‍റെ ആള്‍‌രൂപമായ മോഹന്‍ലാലിന്‍റെ മീശ പിരിച്ച മുഖം കാണാന്‍ മലയാളികള്‍ ഇടയ്ക്കിടെ ആഗ്രഹിക്കാറുണ്ട്. പുതിയ പടത്തില്‍ മോഹന്‍ലാലിന് അത്തരമൊരു വേഷപ്പകര്‍ച്ചയാണ്.

മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കര്‍മ്മയോദ്ധ’ എന്ന ചിത്രത്തില്‍ മീശ പിരിച്ചുവച്ച മോഹന്‍ലാലിനെയാകും പ്രേക്ഷകര്‍ക്ക് ലഭിക്കുക. ഒപ്പം താടിയും വളര്‍ത്തിയിട്ടുണ്ട് എന്നൊരു പ്രത്യേകത മാത്രം. മോഹന്‍ലാലിന്‍റെ ഈ ലുക്ക് ഇപ്പോള്‍ തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു.

മുംബൈയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മാധവമേനോന്‍ എന്ന മാഡ് മാഡിയായാണ് മോഹന്‍ലാല്‍ കര്‍മ്മയോദ്ധയില്‍ അഭിനയിക്കുന്നത്. ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റാണ് അയാള്‍. മുഖം നോക്കാതെ കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കുന്ന മാഡിയെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. അയാള്‍ ഒരു പ്രത്യേക ദൌത്യവുമായി കേരളത്തിലെത്തുകയാണ്.

മേജര്‍ രവി തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സായികുമാര്‍, ആശാ ശരത്ത്, സോന ഹൈഡന്‍, ഐശ്വര്യ ദേവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. എം ജി ശ്രീകുമാര്‍ സംഗീതം നിര്‍വഹിക്കുന്ന കര്‍മ്മയോദ്ധയുടെ ഛായാഗ്രഹണം പ്രദീപ് നായര്‍.