റണ്‍ ബേബി റണ്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
സെവന്‍സിന് ശേഷം ജോഷി വീണ്ടും ഒരു സിനിമയുമായി എത്തിയിരിക്കുന്നു. ഇത്തവണ മോഹന്‍ലാലും ഒപ്പമുണ്ട്. ഇവര്‍ ഒരുമിച്ച ‘നരന്‍’ എന്ന സിനിമ ഇപ്പോഴും ഇടയ്ക്കിടെ കാണാറുള്ളയാളാണ് ഞാന്‍. ആ സിനിമയിലെ ചില സംഭാഷണങ്ങളിലെ ഹ്യൂമര്‍ ആലോചിച്ച് ചിരിക്കാറുണ്ട്. അതിനുശേഷം ജോഷി വളരെ സ്റ്റൈലിഷായ ചില ആക്ഷന്‍ പടങ്ങള്‍ ചെയ്തു. ഇപ്പോള്‍ വീണ്ടും ലൈറ്റ് ഹ്യൂമര്‍ ഉള്ള ഒരു ത്രില്ലര്‍ നല്‍കിയിരിക്കുന്നു - റണ്‍ ബേബി റണ്‍.
ഈ ഓണക്കാലത്തെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് റണ്‍ ബേബി റണ്‍ തന്നെ. അക്കാര്യത്തില്‍ സംശയമില്ല. കെട്ടുറപ്പുള്ള ഒരു തിരക്കഥയും ജോഷിയുടെ സംവിധാന മികവും ആര്‍ ഡി രാജശേഖറിന്‍റെ ക്യാമറയും മോഹന്‍ലാല്‍, ബിജു മേനോന്‍, അമലാ പോള്‍ എന്നിവരുടെ അഭിനയപ്രകടനങ്ങളും ഈ സിനിമയെ ഒരു ഗംഭീര എന്‍റര്‍ടെയ്‌നറാക്കി മാറ്റുന്നു.
ഓണക്കാലത്ത് ഒരു ആഘോഷചിത്രം നല്‍കാനുള്ള ലാലിന്‍റെ തീരുമാനം തെറ്റിയില്ല. ചിത്രം പ്രേക്ഷകര്‍ ആസ്വദിക്കുന്നു. വലിയ വിജയത്തിലേക്ക് കുതിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
മീഡിയയുടെ പശ്ചാത്തലത്തില്‍ ഒരു കോമഡി ത്രില്ലര്‍
ഒരിക്കല്‍ പ്രണയിതാക്കളായിരുന്ന രണ്ടുപേര്‍, ക്യാമറാമാന്‍ വേണുവും(മോഹന്‍ലാല്‍), ന്യൂസ് എഡിറ്റര്‍ രേണുകയും(അമല). ഇവര്‍ ചില പ്രശ്നങ്ങളെ തുടര്‍ന്ന് പിരിഞ്ഞു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം വേണുവും രേണുകയും ഒന്നിക്കുകയാണ്. ഇത് മറ്റൊരു അസൈന്‍മെന്‍റ്. തീര്‍ത്തും ആവേശകരമായ മറ്റൊരു മിഷന്‍! തുടര്‍ന്ന് എന്തുസംഭവിക്കുന്നു എന്നതാണ് ‘റണ്‍ ബേബി റണ്‍’ എന്ന സിനിമയുടെ കഥ.
സച്ചി-സേതു കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സച്ചി സ്വതന്ത്രമായി എഴുതുന്ന ആദ്യ തിരക്കഥയാണിത്. സേതു എഴുതിയ ‘മല്ലുസിംഗ്’ ഞാന്‍ കണ്ടിരുന്നു. അതിനെ അപേക്ഷിച്ച് റണ്‍ ബേബി റണ്‍ ‘ക്ലാസിക്’ എന്ന് പറയേണ്ടിവരും. ചില പിഴവുകളൊക്കെ തിരക്കഥയിലുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കാന്‍ ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്.
മാധ്യമരംഗത്തെ കിടമത്സരങ്ങളുടെ പശ്ചാത്തലം സിനിമയ്ക്കുണ്ടെങ്കിലും ഇതിനെ ഒരു കോമഡി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണിഷ്ടം. കാരണം ഒരു ക്യാമറാമാന്‍റെയും എഡിറ്ററുടെയും രസകരവും അത്യന്തം സാഹസികവുമായ ഒരു യാത്രയാണ് ചിത്രത്തിന്‍റെ കാതല്‍. അതുതന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റും.
‘റോയിട്ടേഴ്സ് വേണു’വിന്‍റെ ലക്‍ഷ്യം എന്ത്?
സിനിമയിലെ ചില മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് ദഹിക്കാന്‍ പ്രയാസം തോന്നും. യാഥാര്‍ത്ഥ്യവുമായി തീരെ ബന്ധമില്ലാത്തതെന്ന് തോന്നും. ചില കാര്യങ്ങള്‍ വളരെ സില്ലിയായി കൈകാര്യം ചെയ്തിരിക്കുന്നു എന്ന് തോന്നും. എന്നാല്‍ അതിനെയൊക്കെ സംവിധായകന്‍ തന്‍റെ മികച്ച ടേക്കിംഗ്സിലൂടെ മാറ്റിത്തീര്‍ത്തിരിക്കുന്നു.
സിനിമയില്‍ വലിയ പുതുമയോ അസാധാരണത്വമോ ഇല്ല. എന്നാല്‍ രസകരമായ അവതരണത്തിലൂടെ ചിത്രത്തെ ഒരു മികച്ച എന്‍റര്‍ടെയ്‌നറാക്കി മാറ്റാന്‍ ജോഷിക്ക് സാധിച്ചു. കഥയിലെ ചില വഴിത്തിരിവുകള്‍ നമുക്ക് പ്രവചിക്കാവുന്നത് തന്നെയാണ്. എന്നാല്‍ അതൊന്നും സിനിമയുടെ ടോട്ടല്‍ പേസിനെ ബാധിക്കുന്നതേയില്ല.
മോഹന്‍ലാലിന്‍റെ കുട്ടിക്കളികള്‍
മോഹന്‍ലാല്‍ പതുവുപോലെ തനിക്ക് ലഭിച്ച കഥാപാത്രത്തെ ഉജ്ജ്വലമാക്കി. അദ്ദേഹത്തിന്‍റെ അനായാസമായ അഭിനയമികവിന്‍റെ മികച്ച ഉദാഹരണമായി റണ്‍ ബേബി റണ്ണിനെ ഭാവിയിലും ഉയര്‍ത്തിക്കാട്ടാം. മോഹന്‍ലാലും അമലാ പോലും ഒത്തുള്ള രംഗങ്ങള്‍, മോഹന്‍ലാല്‍ - ബിജുമേനോന്‍ കോമ്പിനേഷന്‍ സീനുകള്‍ എന്നിവയാണ് സിനിമയില്‍ കോമഡി ജനിപ്പിക്കുന്നത്.
എന്നാല്‍ വേര്‍പിരിഞ്ഞ് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോഴുള്ള മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ് അത്ര വിശ്വാസ്യമാകുന്ന തരത്തില്‍ കണ്‍സീവ് ചെയ്യാന്‍ ജോഷിക്ക് കഴിഞ്ഞോ എന്ന് സംശയം. മോഹന്‍ലാല്‍ ആ രംഗങ്ങളില്‍ പലപ്പോഴും കുട്ടിക്കളിയാണ് നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അകന്നുമാറിപ്പോയ പ്രണയിനിയെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു നായകന്‍ ഇങ്ങനെയൊക്കെ പെരുമാറുമോ?
ബിജുമേനോന്‍ തന്‍റെ മുന്നേറ്റം ഈ സിനിമയിലും തുടര്‍ന്നു. അദ്ദേഹം സ്ക്രീനില്‍ വരുമ്പോഴെല്ലാം തിയേറ്ററില്‍ നിറഞ്ഞ കൈയടിയാണ്. മോഹന്‍ലാലിന്‍റെയും ബിജുവിന്‍റെയും സംഭാഷണങ്ങള്‍ ചിരിയുടെ മഴ പെയ്യിച്ചു. അമലാ പോള്‍ തന്‍റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
എന്നാല്‍ വില്ലന്‍മാരായി സിദ്ദിക്കും സായികുമാറും നിരാശപ്പെടുത്തി. ഇരുവരും പഴയ ട്രാക്കില്‍ നിന്ന് പുറത്തുകടന്നില്ല. ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.
ആറ്റുമണല്‍പ്പായയില്‍.
രതീഷ് വേഗയാണ് ‘റണ്‍ ബേബി റണ്‍’ മ്യൂസിക്കല്‍ അനുഭവമാക്കുന്നത്. മോഹന്‍ലാലിന്‍റെ ശബ്ദത്തിലുള്ള ‘ആറ്റുമണല്‍പ്പായയില്‍...’ ഗാനം ഗംഭീരമായി. എന്നാല്‍ പശ്ചാത്തലസംഗീതം അത്ര മെച്ചമായില്ല.
ആര്‍ ഡി രാജശേഖറിന്‍റെ ക്യാമറാവര്‍ക്ക് ആണ് ഈ സിനിമയില്‍ എടുത്തുപറയേണ്ട ഒരു കാര്യം. ‘കാക്ക കാക്ക’ എന്ന സിനിമയ്ക്ക് ശേഷം ആര്‍ ഡിയുടെ ഒരു ആരാധികയായിത്തീര്‍ന്നു എന്നുപറഞ്ഞാല്‍ മതിയല്ലോ. മറ്റ് ജോഷി ചിത്രങ്ങളില്‍ നിന്ന് റണ്‍ ബേബി റണ്‍ വേറിട്ട് നില്‍ക്കുന്നത് ആര്‍ ഡിയുടെ ഛായാഗ്രഹണ മികവുകൊണ്ടാണ്. ഇത്രയും സ്റ്റൈലിഷായ ദൃശ്യങ്ങളുള്ള ഒരു സിനിമ സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല.
മോഹന്‍ലാലിന്‍റെയും അമലാ പോളിന്‍റെയും ബിജു മേനോന്‍റെയും കഥാപാത്രങ്ങളുടെ ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിച്ചപ്പോല്‍ മറ്റ് കഥാപാത്രങ്ങള്‍ കൈവിട്ടുപോയതാണ് സച്ചിയുടെ ഈ തിരക്കഥയുടെ പോരായ്മ. എന്നാല്‍ ജോഷി ആ പാളിച്ച അനിതരസാധാരണമായ കൈയടക്കത്തോടെ പരിഹരിച്ചു. ഇത് ഒരു മോഹന്‍ലാല്‍ സിനിമ എന്നതിനേക്കാള്‍ ഒരു ടിപ്പിക്കല്‍ ജോഷിച്ചിത്രമായി മാറുന്നതും അതുകൊണ്ടാണ്.