അഴിമതിക്കെതിരെ അണ്ണാ ഹസാരെ ഉയര്‍ത്തിയ സമരപോരാട്ടങ്ങളുടെ ചുവടുപിടിച്ച് മലയാളത്തില്‍ ഒരു സിനിമ വരുന്നു. ‘ലോക്പാല്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ജോഷിയാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ എസ് എന്‍ സ്വാമി. ‘നാടുവാഴികള്‍’ എന്ന മെഗാഹിറ്റിന് ശേഷം രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് ജോഷി - എസ് എന്‍ സ്വാമി - മോഹന്‍ലാല്‍ ടീം ഒത്തുചേരുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം നടന്നു.
ഒരു സൂപ്പര്‍താരത്തിന്‍റെ ചിത്രം അദ്ദേഹത്തിന്‍റെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി നിര്‍മ്മിക്കുന്നതും മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമാണ്. ‘ലോക്പാല്‍’ നിര്‍മ്മിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എല്‍ വിമല്‍കുമാറാണ്. ഹാപ്പി ആന്‍റ് റൂബി ഗ്രൂപ്പുമായി സഹകരിച്ചാണ് വിമല്‍ ചിത്രം നിര്‍മ്മിക്കുന്നത്.
2013ല്‍ മോഹന്‍ലാലിന്‍റെ ആദ്യചിത്രമായിരിക്കും ‘ലോക്പാല്‍’. റണ്‍ ബേബി റണ്ണിന്‍റെ മെഗാവിജയത്തിന് ശേഷം ജോഷി വീണ്ടും മോഹന്‍ലാലുമായി ചേരുമ്പോള്‍ പ്രേക്ഷകപ്രതീക്ഷ ഇരട്ടിയാകുന്നു